വേദിയില്‍ നമ്മുടെ വധൂവരന്മാര്‍ പാല്‍നിലാപ്പുഞ്ചിരിയോടെ വീഡിയോക്കു മുന്നില്‍ തിളങ്ങി വിളങ്ങി നില്‍ക്കുന്നു.ഞങ്ങള്‍ കുറേയെണ്ണങ്ങള്‍ മുന്‍ നിരകളില്‍ തന്നെ സ്ഥാനം പിടിച്ച്, മംഗള മുഹൂര്‍ത്തത്തിനൊപ്പം തകൃതിയായി വായിച്ചു കേട്ട നാദസ്വരം,തകിലു തുടങ്ങിയ സംഭവവികാസങ്ങള്‍ തല കുലുക്കി ആസ്വദിച്ച് “ഇതു കോലക്കുഴല്‍ വിളി കേട്ടോ” എന്ന പാട്ടല്ലേ..അപ്പോള്‍ അതിനു മുന്നേ കേട്ട ട്യൂണോ..? എന്ന് കണ്‍ഫ്യൂഷനടിച്ചിരിക്കുന്നു.പെണ്‍കിടാവിനെയും കൊണ്ടു വലത്തോട്ട് കറങ്ങണോ,ഇടത്തോട്ട് കറങ്ങണോ എന്ന മട്ടില്‍ വേദിയില്‍ ഞങ്ങളേക്കാളും കണ്‍ഫ്യൂസി നില്‍ക്കുന്ന ചെറുക്കനോട് തല മുതിര്‍ന്നവര്‍ ഗംഭീര നിര്‍ദ്ദേശങ്ങള്‍ ഇഷ്ടം പോലെ കൊടുത്ത് തകര്‍ക്കുന്നുമുണ്ട്..
പണ്ടിതു പോലെ കൂടിയ ഒരു കല്യാണത്തില്‍ താലികെട്ടിന്റെ ബഹളത്തിനിടയില്‍ പാവം പെണ്‍കുട്ടിയാണു ചെറുക്കനെയും നയിച്ചു കൊണ്ടോടി വേദിക്കു ചുറ്റും വലം വെച്ചത്.അന്നെല്ലാവരും അതു കണ്ടു ചിരിച്ചു ‘ഇനിയപ്പോള്‍ മണവാട്ടിയായി കുടുബ നാഥന്‍’ എന്നു പറഞ്ഞു കളിയാക്കിച്ചിരിച്ചെങ്കിലും പെണ്‍കൊടിമാര്‍ നയിച്ചാല്‍ എന്തായിത്ര കുഴപ്പമെന്നൊക്കെ ഉള്ളിലൊരു കുഞ്ഞു ഫെമിനിസ്റ്റ് ചോദ്യം പൊന്തി വന്നതാണു.പിന്നെ കുട്ടികള്‍ വല്യ വായില്‍ വര്‍ത്തമാനം പറഞ്ഞു വടി കൊടുത്തെന്തിനു അടി വാങ്ങുന്നു എന്നു കരുതിയാ ചോദ്യം കുഴിച്ചു മൂടിയെങ്കിലും വലം വെയ്ക്കുന്നത് കാണുമ്പോള്‍ അറിയാതെ ചുമ്മായൊന്നു ആകാംക്ഷഭരിതയാവും.എന്തായാലും അനേകമായിരം കണ്ണുകളെ സാക്ഷി നിര്‍ത്തി പെണ്‍കൊടിയെ നയിച്ചു വിജയശ്രീലാളിതനായി ചെറുക്കന്‍ തന്നെ മൂന്നു വട്ടം വലം വെച്ചു.ആകാംക്ഷ തീര്‍ന്ന സ്ഥിതിക്കു ഇനിയിപ്പോള്‍ ‘അവരായി അവരുടെ ഫാമിലിയായി’ എന്ന മട്ടില്‍ പരിസരനിരീക്ഷണം തന്നെ ശരണം.
കൂട്ടത്തില്‍.
“ഇത്ര വേഗം നിന്റെ മുല്ലപ്പൂ വാടിക്കരിഞ്ഞു കരിക്കട്ടയായല്ലോ.ഇങ്ങനെ കരിയണമെങ്കില്‍ ഭാവിയില്‍ നിനക്കു കിട്ടാന്‍ പോകുന്ന അമ്മായിയമ്മ..ഹോ..എന്തു ഭീകരമായ അവസ്ഥ..”എന്നൊക്കെ പറഞ്ഞു വെറുതേയിരിക്കുന്ന അനിയത്തിയുടെ മനസ്സിലേക്ക് ഒരിത്തിരി തീ കോരിയിടുക,പെണ്ണിനെയും,ചെറുക്കനെയും കുറിച്ച് താരതമ്യപഠനം നടത്തുക,ചെറുക്കന്റെ അനിയന്‍ കൊള്ളാമല്ലോ എന്നു പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തുക,മണവാട്ടിയുടെയോ ചെറുക്കന്റെയോ പെങ്ങളായി വേദിയിലോടി നടക്കുന്ന പെണ്‍കൊടിയുടെ വേഷവിധാനങ്ങള്‍ വിശകലനം ചെയ്യുക തുടങ്ങിയ കലാപരിപാടികള്‍ക്കാണോ ഞങ്ങള്‍ പെണ്‍പടക്കു പഞ്ഞം.ഇതിനിടയില്‍ ഏതെങ്കിലും ബന്ധു ജനങ്ങള്‍ ഞങ്ങളെ കണ്ടു വാത്സല്യത്തോടെയോടിയെത്തുമ്പോള്‍ മാത്രമാണു പരിപാടികള്‍ ഇടയ്ക്കു വെച്ചു മുറിയുന്നത്.എനിക്കാണെങ്കില്‍ നേരെയുള്ള ബന്ധുത്വത്തെ കുറിച്ചു മാത്രമേ പിടിയുള്ളൂ.കുടുംബ വൃക്ഷത്തിലെ വളഞ്ഞു ചുറ്റി പോകുന്ന ഏതെങ്കിലും ശാഖയിലെ ബന്ധു ജനങ്ങളാണു വന്നതെങ്കില്‍ ഞാന്‍ വെള്ളം കുടിക്കും.ആരാണെന്ന് മനസിലായില്ലെന്നറിയുമ്പോള്‍ അതവര്‍ക്കൊരു അഭിമാനക്ഷതം.പിന്നെ കോന്‍ ബനേഗ ക്രോര്‍പതി ശൈലിയില്‍ ചോദ്യോത്തരവും,ക്ലൂ തരലുമൊക്കെയായി കുറെയേറെ നിമിഷങ്ങള്‍.ഓര്‍മ്മയിലെവിടെയെങ്കിലും അങ്ങനെയൊരു മുഖം പൊടി പിടിച്ചു കിടപ്പുണ്ടെങ്കില്‍ എന്നെക്കൊണ്ടു അതപ്പിടി തൂത്തു മിനുക്കിയെടുപ്പിച്ച ശേഷമേ ഇതിനൊരവസാനമുണ്ടാവാറുള്ളൂ.അതു ചിലപ്പോള്‍ കുഞ്ഞുനാളില്‍ അവരുടെ വീട്ടു വളപ്പില്‍ കൂടി പോയപ്പോള്‍ കൈ വീശി കാണിച്ചത് വരെയാകാം.എന്തായാലും ഉത്തരത്തിനടുത്തെത്തിച്ചു കഴിയുമ്പോള്‍ അവര്‍ക്കുമൊരാശ്വാസം.“അല്ലെങ്കിലും വല്ല കാലത്തും നാട്ടില്‍ വന്നു തല കാണിച്ചു പോരുന്ന ഈ കുട്ടികളെ പറഞ്ഞിട്ടെന്തു കാര്യം ”എന്നും പറഞ്ഞു ഒടുവിലവര്‍ ദീര്‍ഘ നിശ്വാസത്തോടെ യാത്രയാവുമ്പോള്‍ ഞങ്ങള്‍ക്കും സമാധാനം.
അങ്ങനെ പെണ്ണിനേം ചെറുക്കനേം കഴിഞ്ഞാല്‍ അവിടവിടെ മിന്നിക്കൊണ്ടിരിക്കുന്ന ക്യാമറാഫ്ലാഷ് ഒപ്പിയെടുക്കുന്നത് ഞങ്ങളെ തന്നെയാണു,ഞങ്ങളെ മാത്രമാണു എന്ന മിഥ്യാധാരണയില്‍ ഓരോ നിമിഷവും ഷാളൊക്കെ ശരിയാക്കി ഇടയ്ക്കൊന്നു മുടി മാടിയൊതുക്കി കൃതാര്‍ത്ഥയോടെ സമയം തള്ളി നീക്കിയിരിക്കുമ്പോഴാണു ഒരു കാര്യം ശ്രദ്ധിച്ചത്..ഇത്രേം നേരം അവിടെയുണ്ടായിരുന്ന പല മുഖങ്ങളും ഞൊടിയിടയില്‍ അപ്രത്യക്ഷരായിരിക്കുന്നു.ഇതെന്താപ്പോ പെട്ടെന്നിങ്ങനെയൊരു ശൂന്യതയെന്നോര്‍ത്ത് അന്തം വിട്ടൊന്നു നോക്കിയതേയുള്ളൂ..കാര്യം പിടി കിട്ടി..ആദ്യ പന്തിയ്ക്ക് നിര നിരയായി ഇട്ട ‘വെക്കം വരട്ടെ ഊണെന്ന’ മട്ടിലിരിക്കുന്ന ശാന്തഗംഭീരരായ കുറെയേറെ കസേരകള്‍..എന്തു ചെയ്യാം..ഞങ്ങള്‍ കുറേ നേരമിരുന്നു രംഗബോധമില്ലാത്ത വെറും കോമാളിയായ വിശപ്പിനു മുന്നില്‍ മുട്ടു കുത്തി ആദ്യ പന്തിയിലിരുന്നുണ്ണവരെ കുറിച്ചോര്‍ത്ത് പരിതപിച്ചു..അടുത്ത പന്തിയില്‍ സ്ഥാനം നേടാന്‍ നില്‍ക്കുന്നവരെ കുറിച്ചോര്‍ത്ത് ദു:ഖിച്ചു.
ഒടുവില്‍ ഈ ദു:ഖവും,പരിതാപവുമൊന്നും വിശന്നാല്‍ കഴിക്കാന്‍ കഴിയില്ലെന്ന മഹാസത്യം സമയം മനസ്സിലാക്കി തന്നപ്പോള്‍ എന്താണെന്നറിയില്ല എങ്ങനെയാണെന്നറിയില്ല എതോ ഒരു മഹാശക്തി
നയിച്ച പോലെ ഞങ്ങളെല്ലാവരും ഓരോ കസേരയിലിരിപ്പുണ്ടു.‘ഞങ്ങള്‍ പെണ്‍പട ഒരുമിച്ചേ ഇരിക്കൂ’ എന്ന സിദ്ധാന്തം മുറുക്കെ പിടിച്ചതിനാല്‍ ഒടുക്കം ഓരോരുത്തരും ഓരോയിടത്തായി ചിന്നിച്ചിതറിയാണിരിപ്പ്..രണ്ടു നിരകള്‍ക്കപ്പുറത്ത് ധ്യാനനിമഗ്നനായ മഹാമുനിയുടെ വിരക്തി ഭാവം കൈക്കൊണ്ടു വിളമ്പിയ സദ്യക്കു മുന്നില്‍ അനിയത്തി വിമൂകയായി,വിഷണ്ണയായി ഇരിക്കുന്നു.കൂട്ടം തെറ്റിപ്പോയിട്ടില്ലെന്ന സിഗ്നല്‍ കയ്യും കലാശവും കാട്ടി കൊടുത്തിട്ടേ കുട്ടിയൊടുവില്‍ സദ്യയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുള്ളൂ.
ഊണിനു ശേഷമുള്ള പാലടയ്ക്കോ,പരിപ്പു പായസത്തിനോ സ്വാദു എന്ന തര്‍ക്കം ഒടുക്കം മാതാശ്രീയുടെ സവിധത്തിലെത്തിയപ്പോഴാണു തീര്‍ന്നത്.അവിടെ ബാല്യകാലസഖികളുമായി വിശേഷങ്ങള്‍ പങ്കു വെയ്ക്കലിലാണു അമ്മ.കൂട്ടത്തില്‍ മക്കള്‍സിങ്ങനെ പന്തലിച്ചിട്ടും അമ്മയെ വിടാതെ കൂടിയ സന്തൂര്‍ പ്രഭാവത്തെ കുറിച്ചും ചര്‍ച്ച..അതോടെ എന്റെ തലയില്‍ ഈയിടെ പ്രത്യക്ഷപ്പെട്ട രണ്ടു മൂന്നു വെള്ളിക്കമ്പികളെ വെറുതെ ഞാനോര്‍ത്തു പോയി. അല്ലെങ്കിലും ജീനുകള്‍ക്ക് എന്തുമാവാല്ലോ.അച്ഛന്‍ പാരമ്പര്യത്തിലാണെങ്കില്‍ ഇപ്പോഴും ഉഷാറോടെ നില്‍ക്കുന്ന നല്ല കറുകറുപ്പന്‍ മുടിയിഴകളുടെ സഖിയായ അച്ചാമ്മയുടെ മുഖമാണാദ്യം ഓര്‍മ്മ വരിക.അമ്മയുടെ പാരമ്പര്യം വഴിയാണെങ്കില്‍ അവിടെയും പാതി തലമുറ ഇതു പോലെ നരയേശാത്ത മുടിയിഴകളുടെ കാവല്‍ക്കാരാണു.എങ്കിലും ഒരു തലമുറയിലും പെട്ടയാരും ഇത്ര നേരത്തേ വെള്ളിക്കമ്പികള്‍ കണ്ടിട്ടില്ല.ഈ കശ്മല ജീനുകള്‍ എന്തിനാണാവോ എന്നെത്തന്നെ തേടി വരുന്നതു..
ഞാന്‍ കാണുന്നതിനു മുന്‍പു ഇതു ദൃഷ്ടിയില്‍ പെട്ടതു ക്ലാസ്സിലെ സൂക്ഷ്മനിരീക്ഷകര്‍ക്കാണു.‘ഓ അതു ബാല നരയാണെന്നും,ബുദ്ധിയുടെ അനര്‍ഗ്ഗള പ്രവാഹം അടക്കി വെയ്ക്കാനാവാതതിനാല്‍ നിറഞ്ഞു കവിഞ്ഞു നരയാവുന്നതാണെന്നൊക്കെ’ പറഞ്ഞു രക്ഷപ്പെടുമ്പോഴാണു
“അയ്യോ..ദേ ..നോക്ക്യേ..ഇവളുടെ തലയിലൊരു നരച്ച മുടി..!!എടീ നിനക്ക് വയസ്സായി ” എന്നു ആശ്ചര്യമടക്കാനാവാതെ വിഷ്ണ അറിയാത്തവരെയും കൂടി കാറിക്കൂവി കാണിച്ചു കൊടുത്തത്.വീട്ടിലാണെങ്കിലോ ഈ മുടിപ്രശ്ണം ധാത്രിയിലോ സുമംഗളയിലോ തീര്‍ക്കാവുന്ന ഒരു ചിന്ന പ്രശ്നമായി തരം താഴ്ത്തപ്പെട്ടിരിക്കുന്നു.
.
“ആന്റീ..ഇവള്‍ടെ മുടി ഗമ്പ്ലീറ്റ് നരച്ചെന്നു വാവ പറഞ്ഞു...എത്രയും വേഗം ആരെയെങ്കിലും കണ്ടു പിടിച്ചോട്ടാ..അല്ലെങ്കില്‍ ആ സമയമാവുമ്പോഴേക്കും ഇവള്‍ടെ പല്ലു പോലും കൊഴിയില്ലെന്നാരു കണ്ടു..”
മുടിപ്രശ്നത്തെ പറ്റിയൊന്നാലോചിച്ചതേയുള്ളൂ.നാട്ടിലെല്ലാം പാട്ടാക്കുന്ന വാവയോടൊപ്പം ചിരിച്ചെന്നെ ഭൂമിയിലേക്ക് ചവിട്ടി താഴ്ത്താന്‍ കണ്ണന്‍..!!
വീണ്ടും നരയും ബുദ്ധിയും തമ്മിലെങ്ങനെയൊക്കെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനു കുറിച്ചു ഘോരം ഘോരം ഞാന്‍..അതിനെയൊക്കെ തകര്‍ത്തൊടിച്ച് പെട്ടിയിലാക്കി ആണിയടിച്ച് കണ്ണനും.ഒടുവില്‍ നോണ്‍-സ്റ്റോപ്പ് തമാശ ട്രെയിനുകളോടിക്കുന്നവര്‍ക്കു സമാധാനത്തിന്റെ പാതയെങ്ങനെയറിയും എന്നോര്‍ത്ത് മാത്രം ഞാന്‍ കീഴടങ്ങി..
“തമാശയില്‍ നിന്നുദിക്കുന്നൂ..തമാശയാല്‍ വൃദ്ധി നേടുന്നൂ ലോകം..” എന്ന പോളിസിയാണു കണ്ണനു.എന്തു സീരിയസ് സംഭവവുമായി ഞങ്ങള്‍ ചെന്നാലും അതിനെയൊക്കെ തമാശ തേച്ചു പിടിപ്പിച്ച് ഊതിപ്പറപ്പിക്കും.വട്ടു പിടിച്ച തലയുമായി ഞങ്ങള്‍ നിരാശ ബാധിച്ചു തിരിഞ്ഞോടും. ഇതാണെന്നും നടക്കാറ്..
കല്യാണത്തിനിടയില്‍ കണ്ടതും,തന്റെ വീരകൃത്യങ്ങളുമൊക്കെ വിവരിച്ചു കണ്ണന്‍ കത്തിക്കയറുകയാണു.എങ്കിലെപ്പോഴും തമാശ തന്നെ പറഞ്ഞാല്‍ ചിലതെങ്കിലും പാളം തെറ്റില്ലേ. അങ്ങനെ പാളം തെറ്റി വീണ തമാശവിശേഷങ്ങള്‍ക്കിടയിലൂടെ ഞങ്ങളുടെ ശ്രദ്ധ പതുക്കെ വലിയവരുടെ കൂട്ടത്തിലേക്ക് ചേക്കേറി..
“സ്വര്‍ണ്ണത്തിന്റെ വില കത്തിക്കയറുവല്ലേ..എന്നിട്ടും ആള്‍ക്കാരെങ്ങനെ പൊന്നില്‍ കുളിപ്പിച്ചയക്കണു മക്കളെ..ഇന്നത്തെ കല്യാണത്തിനു തന്നെ കണ്ടില്ലേ....”
“വെറുതേയല്ലെന്നേ വില കൂടണേ..സ്വര്‍ണ്ണം കുഴിച്ചെടുക്കല്‍ നിര്‍ത്തിയത്രേ..ഇനി റോക്കറ്റ് പോണ പോലെയാവും പൊന്നിന്റെ വില.”
ദൈവമേ..അതെപ്പോള്‍..!!.കഴിഞ്ഞ ദിവസം കൂടി 2 ജ്വല്ലറികളുടെ ഉദ്ഘാടനം പത്രത്തില്‍ കണ്ടതേയുള്ളൂ..അവരൊക്കെ എവിടന്നെടുത്താണാവോ കുഴിക്കുന്നത്.ഈ പാവം മാതൃഹൃദയങ്ങളെ പേടിപ്പിക്കാന്‍ എന്തിനിങ്ങനെ ഇല്ലാക്കഥകള്‍ പറയുന്നു മാളോരേ എന്നു തോന്നിപ്പോയി അവിടെയുണ്ടായിരുന്ന പെണ്‍കൊടിമാരുടെ അമ്മമാരുടെ മുഖങ്ങള്‍ കണ്ടപ്പോള്‍..
പൊന്നിന്റെ കഥപറച്ചിലിനിടയിലേക്ക് പൊന്നില്‍ കുളിച്ച ചന്ദ്രികാവസന്തം പോലെ നമ്മുടെ പെണ്‍കൊടിയും ചെറുക്കനും തൂമന്ദഹാസവുമായി കടന്നു വന്നത് പെട്ടെന്നാണു..പെണ്‍കുട്ടി ചെറുക്കനൊപ്പം യാത്രയാവുകയാണു..ഞങ്ങളോടും ഞങ്ങള്‍ക്കൊപ്പമിരിക്കുന്ന മുത്തശ്ശിയോടും യാത്ര പറയാനെത്തിയതാണു..
പെണ്‍കൊടി അമ്മൂമ്മയ്ക്കു കാല്‍ക്കലൊക്കെ വീണു അനുഗ്രഹമൊക്കെ വാങ്ങി ഒരു മണവാട്ടിക്കു മാത്രമണിയാനറിയാവുന്ന വശ്യമായ ചിരിയോടെ ഞങ്ങളോട് യാത്ര ചോദിച്ചു..ഞങ്ങളതിലുമേറെ സന്തോഷത്തോടെ പോയ് വരൂ എന്ന ഭാവേനെ നില്‍ക്കുന്നതിനിടയിലാണു കണ്ണന്റെ വക കമന്റ്.
“എന്തായിത് വീണേ..ഇനിയെന്നു വന്നിട്ടാ ഇങ്ങോട്ടൊക്കെ..ഒരുമ്മ കൂടി പാവം അമ്മൂമ്മയ്ക്കു കൊടുക്കെന്നേ..ഇനിയങ്ങോട്ട് പോയാല്‍ ഈ വഴിയൊക്കെ മറക്കില്ലേ..അമ്മൂമ്മേടെ സ്വന്തം ആളായിട്ടാണോ ഓടിയൊറ്റപ്പോക്കു പോവുന്നത് ”
ഇതു കേട്ട വഴി പെണ്‍കുട്ടിയാകെ വല്ലാതായി.അമ്മൂമ്മയ്ക്കൊരുമ്മ കൂടി സമ്മാനിച്ചു ‘പോട്ടെ’ എന്നൊരു ചോദ്യത്തോടെ തിരിയുമ്പോഴേക്കും കണ്ണു നിറഞ്ഞു.പിറകില്‍ നില്‍ക്കുന്ന സ്വന്തം അച്ഛനെ കണ്ട വഴി കണ്ണുകള്‍ക്ക് പിന്നെ പിടിച്ചു വെയ്ക്കാന്‍ പറ്റാതായി.
“നീ പോയിട്ടു വാ മോളെ..നീ വെറുതെ കരഞ്ഞ് അച്ഛനെ കൂടി കരയിക്കാന്‍ നോക്കണ്ട..ഞാന്‍ കരയില്ല ’മകളുടെ കരച്ചില്‍ കാണാനാവാതെ ആള്‍ക്കൂട്ടത്തില്‍ നിന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ ഒഴിഞ്ഞു മാറി..
“ഇങ്ങനെ കൊച്ചു പിള്ളേരെ പോലെ ചിണുങ്ങാതെ പോയി വണ്ടിയില്‍ കേറെന്റെ മോളേ..നേരം വൈകാന്‍ പാടില്ലെന്നറിയില്ലേ.”ബാഗും പിടിച്ചു അമ്മ മോള്‍ക്കൊപ്പം വേഗം നടക്കുകയാണു..
അസുഖകരമായ ഈ അവസ്ഥ ഉണ്ടാക്കി വെച്ചിട്ടു ഇവനെവിടെ മുങ്ങിയോ എന്നു നോക്കണമെന്നുണ്ടായിരുന്നു.പക്ഷെ വീണയുടെ തളര്‍ന്ന കരച്ചില്‍ കണ്ടു വല്ലാത്തൊരു സങ്കടം തോന്നിയൊന്നിനുമാവാതെ നിന്നു.ഒരൊറ്റക്കുട്ടിയുടെ സന്തോഷത്തില്‍ അച്ഛന്റെ പൊന്നുമോളായി വളര്‍ന്നവള്‍.ഒരിക്കല്‍ പോലും ഹോസ്റ്റലിലോ മറ്റിടങ്ങളിലോ മാറി നിന്നു ശീലമില്ലാത്ത ആളാണു അങ്ങു കൊല്‍ക്കട്ടയിലേക്ക് ഒരാഴ്ചയ്ക്കു ശേഷം പറിച്ചു നടപ്പെടാന്‍ പോകുന്നതു. ഇപ്പോഴിങ്ങനെയുള്ള കരച്ചിലുകള്‍ അപൂര്‍വ്വമായതു കൊണ്ടു ഒരു വിഷമം.ഒരിത്തിരി നേരത്തേക്ക് ഒരച്ഛന്റെയും അമ്മയുടെയും ഹൃദയം ഞാന്‍ കടം വാങ്ങിയ പോലെ..
കാറിനടുത്ത് വെച്ച് അമ്മയും മോളും എന്തൊക്കെയോ പറഞ്ഞു കരച്ചിലിലും സംസാരത്തിനിടയിലുമുള്ളൊരു അവസ്ഥയില്‍ നില്‍ക്കുകയാണു..അതിനിടയില്‍ പെണ്‍കൊടിയുടെ കൈയ്യില്‍ പിടിച്ചലിവോടെ ഇനി ഞാനില്ലേ കൂടെയെന്ന പോലെ ചെറുക്കന്‍..
സുരക്ഷിതമായ കരങ്ങളില്‍ തന്നെയാണു നീയെന്റെ പുത്രീയെന്നാ നിമിഷത്തില്‍ കടം കിട്ടിയ മാതൃഹൃദയം എന്നിലിരുന്നു സന്തോഷിച്ചു..മറ്റൊരു കണ്ണനായിരുന്നു ആ ചെറുക്കനെങ്കില്‍ ഈ കരച്ചിലിലും തമാശയുണ്ടാക്കി വീണ്ടുമൊന്നു കൂടി കരയിച്ചേനെ..
മറ്റാര്‍ക്കും കിട്ടിയില്ലേ എന്നെപ്പോലെ ഒരമ്മ ഹൃദയം..ഞാനെന്റെ സങ്കടമൊന്നു പങ്കു വെച്ച് തീര്‍ക്കട്ടെയെന്നു പറഞ്ഞു നിന്നിട്ട് ഒരു രക്ഷയുമില്ല..ഈ പുകിലൊന്നുമറിയാതെ അമ്മു ആരെയോ വിളിച്ചു കത്തി വെയ്ക്കുകയാണു..പിന്നെയുള്ള പടകളൊക്കെ എങ്ങോട്ട് പോയോ എന്തോ എന്നന്വേഷിക്കുമ്പോഴാണു ഒരു മൂലയ്ക്കു വാവ നില്‍ക്കുന്നത്..സാധാരണ ഇത്തരം കൊച്ചു കൊച്ചു നൈമിഷിക സങ്കടങ്ങളൊക്കെ അവള്‍ക്കേശാറേയില്ല.ഒരു നിര്‍വ്വികാര ഭാവേനെ നിന്നാലായി.പക്ഷേ അവളുടെ വീര്‍ത്ത മുഖം കണ്ടപ്പോള്‍ ഞാന്‍ സന്തുഷ്ടയായി.കടം വാങ്ങിയ മറ്റൊരു ഹൃദയം അവിടെയുമിരുന്നു തുടിക്കുന്നുണ്ടു..
“ഈ പെണ്‍കുട്ടികള്‍ക്കാണല്ലേ ഏച്ചീ എപ്പോഴുമിങ്ങനെ..ആണുങ്ങള്‍ക്കൊന്നുമറിയണ്ട..അറിയാത്തയിടത്ത് പോയി അഡ്ജസ്റ്റ് ചേയ്യേണ്ട അല്ലേ.”എന്നതില്‍ അവള്‍ പ്രതിഷേധം മുഴുവന്‍ വലിച്ചു പുറത്തിട്ടു..
വീട്ടിലേക്കുള്ള യാത്രയില്‍ അവിടെ നിന്നവര്‍ക്കെല്ലാം വിഷമമായി എന്നച്ഛന്റെയും അമ്മയുടെയും വാക്കുകള്‍ കേട്ടപ്പോള്‍ ആശ്വാസമായി..പ്രായം കൂടും തോറും സെന്റി പെട്ടെന്നാവുന്നുണ്ടോന്നൊരു സംശയത്തില്‍ ആടി നില്‍ക്കുന്ന മനസ്സിനും സമാധാനം..
ഇങ്ങനെയെത്ര കൊച്ചു കൊച്ചു സങ്കടങ്ങളിലൂടെയും,സന്തോഷങ്ങളിലൂടെയും ജീവിതത്തിനു പോകേണ്ടതു..ഇതു വളരെ കുഞ്ഞു സങ്കടമല്ലേ മക്കള്‍സേ..വീണയിപ്പോള്‍ സന്തോഷമായി വീട്ടിലെത്തി അവരിലൊരാളായി മാറിക്കാണും..ഈ കുഞ്ഞു സങ്കടത്തിലും ആ അച്ഛനുമമ്മയുമൊടുവില്‍ ചിരിച്ചത് ആ സന്തോഷമോര്‍ത്തല്ലേ ..
അമ്മയുടെ വാക്കുകള്‍ കേട്ട് ‘ഇത്രേം നേരം കനം വെച്ചു നിന്നൊരു കൊച്ചു സങ്കടം എത്ര വേഗം പാറിപ്പറന്നു പോയി അല്ലേ ഏച്ചീ’ എന്ന ഭാവേനെ വാവയെന്നെ നോക്കി ചിരിക്കുന്നു...പുറത്തേക്ക് നോക്കി ഏതു വഴിയിലൂടെ പോയിക്കാണുമെന്ന മട്ടില്‍ ഞാനും...
**************
ഇത്രേം കല്യാണ വിശേഷം എഴുതിയ സ്ഥിതിക്ക് എനിക്ക് വല്ലാതെയിഷ്ടപ്പെട്ടയൊരു വിവാഹസങ്കല്പത്തെ കുറിച്ചു കൂടി രണ്ടു വാക്ക് പറഞ്ഞിട്ടു പോയേക്കാം.ഇക്കഴിഞ്ഞ ദിവസമെപ്പോഴോ ആണത് കേട്ടത്. ചാനലുകള്‍ മാറ്റി മാറ്റി കളിക്കുന്നതിനിടയില്‍ ‘നേരെ ചൊവ്വേ’ എന്ന പരിപാടിയില്‍ നവ്യ നായരുടെ മുഖം.താരങ്ങളെന്തു പറഞ്ഞാലും കേള്‍ക്കാന്‍ കൌതുകമെപ്പോഴുമുള്ളതു കൊണ്ടു പിന്നെ നവ്യയുടെ വിശേഷങ്ങള്‍ തന്നെ കേട്ടു കൊണ്ടിരുന്നു..ഓരോ മറുപടിയും കേട്ടപ്പോള്‍ അങ്ങനെ ചുമ്മായുള്ള മറുപടിയല്ലല്ലോ എന്നു തോന്നി..അവസാനം വിവാഹസങ്കല്പത്തെ കുറിച്ചായി ചോദ്യം.ഉത്തരമായി കെയറിങ്ങ്,സത്സ്വഭാവി എന്നിങ്ങനെയുള്ള എന്നും കേള്‍ക്കാറുള്ള ഉത്തരമാണു പ്രതീക്ഷിച്ചത്.പക്ഷേ പറഞ്ഞ മറുപടി നന്നേ ഇഷ്ടായി..
‘പണ്ടു കുട്ടിക്കാലത്ത് സ്കൂള്‍ വിട്ടു വന്നു കഴിഞ്ഞാല്‍ വീട്ടിലോടിയെത്തി ചോറുണ്ണും. പിന്നെ കുളിയൊക്കെ കഴിഞ്ഞ് പ്രാര്‍ത്ഥിച്ച് പഠിക്കാനിരിക്കും..ആ സമയത്താണു പൊറോട്ടയും ചിക്കന്‍ കറിയുമൊക്കെയായി അച്ഛന്‍ ജോലിയൊക്കെ കഴിഞ്ഞു വരിക.അതൊക്കെ കഴിച്ചിരിക്കുന്ന നേരം കറന്റ് പോവും.അപ്പോള്‍ അച്ഛനും മക്കളുമൊക്കെയായി അന്താക്ഷരി പാടി കളിക്കും..ഒരുപാട് പഴയ മലയാള ഗാനങ്ങള്‍ അച്ഛന്‍ പാടും..അന്നു കിട്ടിയ ആയൊരു സന്തോഷം...ആയൊരു സ്നേഹം..അത്ര മാത്രം..’ ഏകദേശം ഈയൊരര്‍ത്ഥം വരുന്നൊരു മറുപടിയായിരുന്നു അതു..ചോദ്യകര്‍ത്താവിനു ഇതിലെന്താണിത്ര സങ്കല്പമെന്നും,എന്താണിത്ര ശ്രേഷ്ഠതയെന്നും മനസ്സിലാവാഞ്ഞിട്ടോ എന്തോ മറ്റു ഉദാത്തമായ സങ്കല്പങ്ങളൊന്നും തന്നെയില്ലേ എന്നു വീണ്ടുമൊരു സംശയമുന്നയിച്ചു..
സത്യത്തിലിതില്‍ തന്നെയില്ലേ എല്ലാ ഉദാത്തമായ സങ്കല്പങ്ങളും..സുരക്ഷിതത്വം,കരുതല്‍,സ്നേഹം ഒക്കെയുള്ളൊരു കുടുംബത്തെ കുറിച്ചിതിലും നന്നായിയെങ്ങനെ പറയും..അതും നമ്മള്‍ വളര്‍ന്നു വന്നയൊരന്തരീക്ഷം പോലെ നമ്മളെ ചേര്‍ത്തു പിടിക്കുന്ന ഒരു ജീവിതത്തെ പറ്റി...


